ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വളരെയധികം ചരിത്രപാരമ്പര്യമുള്ള പ്രദേശമാണ് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. ചിറക്കടവ് എന്ന സ്ഥല നാമം ചിറയുടെ കടവ് എന്ന അര്‍ത്ഥത്തില്‍ ഉണ്ടായതാവാന്‍ സാധ്യതയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ ചെറുകടവ് എന്നു പറഞ്ഞുവന്നതില്‍ നിന്ന് ഉണ്ടായതുമാവാം. ചിറക്കടവു ക്ഷേത്രം മണ്ണംപ്ലാവുവഴി എരുമേലിക്കുപോകുന്ന പ്രസിദ്ധമായ പഴയ ശബരിമല നടപ്പാതയിലുള്ള അരുവിപ്പാറ വലിയ കടവ് ആയിരുന്നിരിക്കാം. പഴയ ആധാരങ്ങളിലും മറ്റും കൂവത്താഴെ എന്നുപയോഗിക്കുന്നതായി കാണുന്നുണ്ട്. ക്ഷേത്രസ്ഥാപകനെന്ന് ഐതിഹ്യത്തില്‍ പറയുന്ന കൂപ മഹിര്‍ഷിയുടെ പേരിനെ സൂചിപ്പിക്കുന്നതാണ്. ഈ പേരെന്നും അദ്ദേഹം തപസ്സനുഷ്ടിക്കാനുപയോഗിച്ച കൂവത്തറയെ സൂചിപ്പിക്കുന്നതാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നുണ്ട്. ചിറക്കടവ്, ചെറുവള്ളി വില്ലേജുകള്‍ ചേര്‍ന്നതാണ് ഈ പ്രദേശം. ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ഭഗവതി ക്ഷേത്രം എന്നിവയ്ക്ക് ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളില്‍ നിന്നാണ് ചിറക്കടവിന്‍റെ ചരിത്രം ആരംഭിക്കുന്നത്. രണ്ടു ക്ഷേത്രങ്ങള്‍ക്കു ചുറ്റും മുമ്പ് നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നു. 1940 വരെ മണിമലയാറ്റിലൂടെയുള്ള ജലഗതാഗതമായിരുന്നു അന്ന് ബാഹ്യപ്രദേശങ്ങളുമായി സമ്പര്‍ക്കത്തിനുള്ള പ്രധാന മാര്‍ഗ്ഗം. പഞ്ചായത്തിന്‍റെ തെക്കന്‍പ്രദേശങ്ങളായിരുന്നു ആദ്യത്തെ ആവാസകേന്ദ്രങ്ങള്‍.
ചെറുവള്ളി വില്ലേജിലെ പഴയ ആധാരങ്ങളില്‍ ചെമ്പകശ്ശേരിവക, ചെമ്പകശ്ശേരിതോട്ടം മണിയാരു വക എന്നെല്ലാം കാണുന്നുണ്ട്. ഈ പ്രദേശം ചെമ്പകശ്ശേരി രാജവംശത്തിന്‍റെ അധീനതയിലായിരുന്നുവെന്ന ഐതിഹ്യത്തിന് ചരിത്രപരമായ മറ്റ് തെളിവുകള്‍ കാണുന്നില്ല. എ.ഡി. പതിനൊന്നാം നൂറ്റാണ്ടില്‍ പില്‍ക്കാല ചേരസാമ്രാജ്യത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് പല സാമാന്തന്മാരും ഇടപ്രഭുക്കന്മാരും സ്വയംഭരണാധികാരികളായി പ്രഖ്യാപിച്ച് സ്വന്തമായി രാജ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. പഴയ കോട്ടയം ഡിവിഷനില്‍ ഉള്‍പ്പടുന്ന വടക്കുംകൂര്‍, തെക്കുംകൂര്‍, പൂഞ്ഞാര്‍, ഇടവള്ളി,
പറവൂര്‍, ആലങ്ങാട് എന്നിങ്ങനെ ആറുരാജ്യങ്ങളായി. എ.ഡി. 1100 ന് അടുത്ത് വെണ്‍പൊലിനാട് (സംസ്കൃതം ബിംബിലദേശം) രണ്ടു രാജ്യങ്ങളായിപിരിഞ്ഞുണ്ടായതാണ് തെക്കുംകൂര്‍ വടക്കുംകൂറും, ഇങ്ങനെ ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകളും മീനച്ചില്‍ താലൂക്കിന്‍റെ ഒരു ഭാഗവും ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു തെക്കുംകൂര്‍. ആദ്യസ്ഥാനം വെന്നിമലയായിരുന്നെങ്കിലും പിന്നീട് മണികണ്ഠപുരത്തേയ്ക്കും നട്ടാശ്ശേരിയിലേയ്ക്കും മാറ്റുകയുണ്ടായി.ഒടുവില്‍ ആസ്ഥാനം ചങ്ങനാശ്ശേരിയായി.
1949-ല്‍ മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കി തിരുവിതാംകൂറിന്‍റെ ഭാഗമാക്കി. തുടര്‍ന്ന് 1751-52, 1773 വര്‍ഷങ്ങളില്‍ സമഗ്രമായ കണ്ടെഴുത്തു നടത്തി. ഭൂമിയെക്കുറിച്ചും ഉടമസ്ഥതയെക്കുറിച്ചും പൂര്‍ണ്ണ വവിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ തയ്യാറാക്കി. കുരുമുളകുതോട്ടങ്ങള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ഏര്‍പ്പെടുത്തി. ഇതോടെയാണ് ആധുനിക കൃഷിയുടെ ആരംഭം കുറിച്ചത്.
വഞ്ഞിപ്പുഴ ചീഫ് എന്നു പറഞ്ഞിരുന്ന വഞ്ഞിപ്പുഴമഠം ഉഴുത്തിരര് (സ്ഥാനപ്പേരാണിത്) എന്ന ബ്രാഹ്മണ ഇടപ്രഭു കുടുംബത്തിന് ഇടവക സ്വത്തായി കരമൊഴിവായി കിട്ടിയതാണ് ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ കരകളും ക്ഷേത്രങ്ങളും മാര്‍ത്താണ്ഡവര്‍മ്മയുടെ തെക്കുംകൂര്‍ ആക്രമണത്തിനുമുമ്പ് മുതല്‍ ഈ അവകാശം നിലവിലുള്ളതായിക്കാണുന്നു. എ.ഡി.1100 നും 1500 നും ഇടയില്‍ പലകാലങ്ങളില്‍ പലയിടങ്ങളിലും, ആന, വന്യമൃഗങ്ങള്‍ എന്നിവയുടയെല്ലാം അവകാശികള്‍ വഞ്ഞിപ്പുഴ തമ്പുരാക്കമാാരായിരുന്നു. ആധുനിക കൃഷിരീതിയുടെ ആരംഭത്തോടെ വിചാരിപ്പുകാരന്‍, മില്ലക്കാരന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മിച്ചവാരം പിരിച്ച്ക്ഷേത്രച്ചെലവ് കഴിച്ച് ബാക്കി തമ്പുരാന്‍ എടുത്തുപോന്നു. വഞ്ഞിപ്പുഴയുടെ ആസ്ഥാനം ചെങ്ങന്നൂര്‍ ആയിരുന്നു. 1936 മുതല്‍ 1940 വരെയുള്ളകാലത്താണ് ചിറക്കടവ്, ചെറുവള്ളി വില്ലേജുകളില്‍ സെറ്റില്‍മെന്‍റ് സര്‍വ്വേ നടത്തി കരം ഒടുക്കി പട്ടയപ്പെടുത്തിയത്. ഇതിനുവേണ്ടി വന്ന ചെലവ് തിരുവിതാംകൂര്‍ സര്‍ക്കാരിന് കൊടുക്കാന്‍ വഞ്ഞിപ്പുഴ ചീഫ് ബാധ്യതപ്പെട്ടു. ഇതിനു നിവര്‍ത്തിയില്ലാത്തതിനാല്‍ പ്രതിഫലം വാങ്ങി ഭൂമി സര്‍ക്കാരിലേയ്ക്ക് വകയിരുത്തുവാന്‍ ചീഫ് തയ്യാറായി.
1/1/1955-ലെ 27-ാം നിയമമായ ഇടവക അക്വിസിഷന്‍ ആക്ട് പ്രകാരം 1/1/1956-ല്‍ ഇടവക ഭരണം അവസാനിച്ചിരുന്നു.
തെക്കുംകൂര്‍ രാജ്യം കൊച്ചിതുറമുഖത്തിന്‍റെ ബന്ധപ്പെട്ട പ്രദേശം എന്ന നിലയില്‍ സുഗന്ധ വിളകളുടെയും വനവിഭവങ്ങളുടേയും കാര്യത്തില്‍ പ്രധാനപങ്കുവഹിച്ചിരുന്നു. കുരുമുളകിനുവേണ്ടി ഡച്ചുകാരും ഇംഗ്ലീഷുകാരും നടത്തിയ നീണ്ട മത്സരങ്ങള്‍ 1795-ല്‍ തിരുവിതാംകൂര്‍ ഈസ്റ്റ് ഇന്‍ഡ്യ കമ്പിനിക്കു കീഴ്പ്പെട്ടതോടെ അവസാനിച്ചു. 19-ാം നൂറ്റാണ്ടില്‍ കുടിയേറ്റ കര്‍ഷകര്‍ വരുന്നതുവരെ വനഭൂമിയില്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിള കുരുമുളകായിരുന്നു.